കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ അടുത്തകാലത്തായി ചർച്ച ചെയ്യപ്പെട്ട രണ്ട് വിഷയങ്ങളാണ് സൺഡേ സ്കൂൾ അധ്യാപകർക്കുള്ള ക്ഷേമനിധിയും കന്യാസ്ത്രീകൾ ഉൾപ്പെടെ, വിവിധ മതസ്ഥാപനങ്ങളിൽ താമസിക്കുന്നവർക്ക് സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ തടസങ്ങൾ നീക്കുമെന്ന മന്ത്രിസഭാ തീരുമാനവും. ഈ രണ്ടു വിഷയങ്ങളിലും കത്തോലിക്കാ സഭ നിലപാട് വ്യക്തമാക്കിയിരുന്നു. ആ നിലപാടുകളിൽ വൈരുധ്യമുണ്ടെന്ന വാദം ചില കോണുകളിൽ പ്രചരിക്കുന്നുണ്ട്.
ഒരുവശത്ത് മതാധ്യാപകർക്കായി സർക്കാർ പ്രഖ്യാപിച്ച ക്ഷേമപദ്ധതിയെ സഭ നിരാകരിക്കുന്നു; മറുവശത്ത് കന്യാസ്ത്രീകൾക്ക് ‘പെൻഷൻ നൽകാനുള്ള’ നീക്കത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ, ഈ രണ്ടു നിലപാടുകൾക്കും പിന്നിൽ കൃത്യമായ ഭരണഘടനാ തത്വങ്ങളും സഭയുടെ ദൈവശാസ്ത്രപരമായ കാഴ്ചപ്പാടുകളും പൗരാവകാശങ്ങളെക്കുറിച്ചുള്ള ബോധ്യങ്ങളുമുണ്ട്. മതബോധനത്തെ ഒരു തൊഴിൽമേഖലയായി സഭ കാണുന്നില്ല എന്നതും, കന്യാസ്ത്രീകളും വൈദികരും ഉൾപ്പെടെയുള്ള ജീവിതാന്തസ് സ്വീകരിച്ചിരിക്കുന്നവരെ ഈ രാജ്യത്തെ തുല്യരായ പൗരന്മാരായി കാണണമെന്ന സഭയുടെ കാഴ്ചപ്പാടുമാണ് ഈ നിലപാടുകളുടെ അടിസ്ഥാനം.
സൺഡേ സ്കൂൾ അധ്യാപകരും മദ്രസ അധ്യാപകരും
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദേശത്തെത്തുടർന്ന്, മദ്രസ അധ്യാപക ക്ഷേമനിധിയുടെ മാതൃകയിൽ ക്രൈസ്തവ മതാധ്യാപകർക്കും ക്ഷേമനിധി ഏർപ്പെടുത്താൻ സർക്കാർ ആലോചിച്ചപ്പോൾ സഭ അത് സ്നേഹപൂർവം നിരസിക്കുകയാണുണ്ടായത്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്: ഒന്ന്, വിശ്വാസപരിശീലനത്തിന്റെ ശൈലി. രണ്ട്, ഭരണഘടനയോടുള്ള ആദരവ്.
കത്തോലിക്കാ സഭയിലെ വിശ്വാസപരിശീലനം മദ്രസ അധ്യാപനത്തിൽനിന്നു തികച്ചും വ്യത്യസ്തമാണ്. മുഖ്യമായും ഞായറാഴ്ചകളിൽ മാത്രം നടക്കുന്ന ഒന്നോ രണ്ടോ മണിക്കൂർ ദൈർഘ്യമുള്ള ഒരു ശുശ്രൂഷയാണിത്. സൺഡേ സ്കൂൾ അധ്യാപകർ ഏറിയപങ്കും മറ്റു തൊഴിലുകളുള്ളവരോ വിദ്യാർഥികളോ വീട്ടമ്മമാരോ റിട്ടയേഡ് ഉദ്യോഗസ്ഥരോ ആയ ശുശ്രൂഷകരാണ്. മറ്റ് ഉപജീവനമാർഗങ്ങളുള്ള അവർ വിശ്വാസപരിശീലനത്തെ ഒരു തൊഴിലായിട്ടല്ല, മറിച്ച് തങ്ങളുടെ ഇടവകയോടും ദൈവത്തോടുമുള്ള കടമയായിട്ടാണ് കാണുന്നത്. ഇതിന് സർക്കാർ ഖജനാവിൽനിന്ന് സാമ്പത്തികമായ ആനുകൂല്യം പറ്റുന്നത് ആ സേവനത്തിന്റെ മഹത്വം കെടുത്തുമെന്നാണ് സഭ കരുതുന്നത്.
ഭരണഘടനാപരമായ വശങ്ങൾ
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 27 പ്രകാരം, ഒരു പ്രത്യേക മതത്തിന്റെ പ്രചാരണത്തിനോ പരിപാലനത്തിനോവേണ്ടി നികുതിപ്പണം ചെലവഴിക്കാൻ പാടുള്ളതല്ല. മതാധ്യാപനം എന്നത് പൂർണമായും ആത്മീയമായ കാര്യമാണ്. അതിനായി പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കുന്നത് മതനിരപേക്ഷത എന്ന തത്വത്തിനു വിരുദ്ധമാണെന്ന വീക്ഷണം സഭയ്ക്കുണ്ട്. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്നാഗ്രഹിക്കുമ്പോൾത്തന്നെ, മതപരമായ കാര്യങ്ങൾക്കായി പൊതുഖജനാവിൽനിന്ന് പണം ആവശ്യപ്പെടുന്നത് ഭാവിയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സഭ തിരിച്ചറിയുന്നു. ക്രൈസ്തവരുടെ കാര്യത്തിൽ മാത്രമല്ല, ഏതു മതസ്ഥരുടെയും വിശ്വാസപരിശീലന സംബന്ധമായ ആവശ്യങ്ങൾക്ക് പൊതുഖജനാവിൽനിന്നുള്ള പണം ചെലവഴിക്കപ്പെടുന്നത് ഭരണഘടനാപരമായി തെറ്റാണ്.
സാമൂഹ്യക്ഷേമ ആനുകൂല്യങ്ങൾ മതാടിസ്ഥാനത്തിൽ ആയിരിക്കരുത്
എല്ലാ മതങ്ങളിലുമുള്ള സന്യാസിനിമാർക്കും സാമൂഹികസുരക്ഷാ ആനുകൂല്യങ്ങൾ നൽകാനുള്ള സർക്കാർ തീരുമാനത്തെ സഭ സ്വാഗതം ചെയ്തത് അത് മതാടിസ്ഥാനത്തിലുള്ള ഒന്നല്ലാത്തതുകൊണ്ടാണ്. ഇവിടെ വിഷയം സന്യാസിനി എന്ന മതപരമായ വ്യക്തിത്വമല്ല, മറിച്ച് ‘അവിവാഹിതയായ ഇന്ത്യൻ പൗര’ എന്ന നിലയിലും മറ്റ് മാനദണ്ഡങ്ങൾ അനുസരിച്ചുമുള്ള അർഹതയാണ്. എല്ലാ സന്യാസിനിമാർക്കും ഇനിമുതൽ ക്ഷേമപെൻഷൻ ലഭ്യമാകണമെന്ന ചിന്തയ്ക്കല്ല ഇവിടെ പ്രാധാന്യം. മറ്റെല്ലാ പൗരന്മാരെയുംപോലെ ക്ഷേമപെൻഷന് അപേക്ഷിക്കാനുള്ള അർഹതയും തുല്യതയും കന്യാസ്ത്രീമാർ ഉൾപ്പെടെയുള്ള സന്യസ്തർക്കു ലഭിക്കുന്നു എന്നതു വഴി നീതി നടപ്പാകുന്നു എന്നതാണ് പ്രധാന വസ്തുത.
2021 ജൂലൈ 28നും 2023 ഫെബ്രുവരി 27നും ധനകാര്യ വകുപ്പ് പുറത്തിറക്കിയ അന്യായവും ഭരണഘടനാവിരുദ്ധവുമായ ഉത്തരവനുസരിച്ച് (5171/2021/Fin; G0. No. 30/2023/Fin) മിഷണറിമാർ, മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളിൽ താമസിക്കുന്ന സന്യാസിമാർ, പുരോഹിതർ, വൈദികർ, കോൺവെന്റുകളിലെ കന്യാസ്തീകൾ, മഠങ്ങളിലെ / മതസ്ഥാപനങ്ങളിലെ അന്തേവാസികൾ എന്നിവർക്ക് സാമൂഹ്യസുരക്ഷാ പെൻഷന് അർഹതയില്ലെന്നും ആരെങ്കിലും പെൻഷൻ കൈപ്പറ്റുന്നുവെങ്കിൽ അവരെ ഗുണഭോക്തൃ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നും നിഷ്കർഷിച്ചിരുന്നു. ഭരണഘടനയുടെ 14, 15 ആർട്ടിക്കിളുകൾ പൗരന്മാർക്കിടയിൽ ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ അടിസ്ഥാനത്തിലുള്ള വിവേചനം തടയുന്നു. 50 വയസ് കഴിഞ്ഞ, വരുമാനമില്ലാത്ത അവിവാഹിതരായ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന സാമൂഹികസുരക്ഷാ പെൻഷൻ, അവർ കന്യാസ്ത്രീകളായി എന്ന ഒറ്റക്കാരണത്താൽ നിഷേധിക്കുന്നത് ഭരണഘടനാ ലംഘനമാണ്.
മതവസ്ത്രം ധരിക്കുന്നു എന്നതുകൊണ്ട് ഒരാൾ ഈ രാജ്യത്തെ പൗരൻ അല്ലാതാകുന്നില്ല. രാജ്യത്തെ നിയമങ്ങൾ പാലിക്കുന്ന അവരെ മാത്രം സർക്കാരിന്റെ ക്ഷേമപദ്ധതികളിൽനിന്ന് മാറ്റിനിർത്തുന്നതു വിവേചനമാണ്. ഇതു തിരിച്ചറിഞ്ഞുകൊണ്ടാണ് അവിവാഹിത പെൻഷനുള്ള മാനദണ്ഡങ്ങളിൽ മാറ്റംവരുത്താൻ സർക്കാർ തീരുമാനിച്ചത്. ഇത് സന്യാസിനികൾക്കു ലഭിക്കുന്ന പ്രത്യേക ആനുകൂല്യമല്ല, മറിച്ച് മതത്തിന്റെ പേരിൽ കാലങ്ങളായി അവർക്ക് നിഷേധിക്കപ്പെട്ട നീതിയുടെ പുനഃസ്ഥാപനമാണ്. തങ്ങളുടെ അന്യായമായ മുൻ ഉത്തരവുകൾ റദ്ദാക്കാനും ന്യായമായ അവകാശങ്ങൾ അർഹർക്ക് ലഭ്യമാക്കുന്നതിനുള്ള തടസങ്ങൾ ഒഴിവാക്കാനും സർക്കാർ ഏറെ വൈകിയാണെങ്കിലും തീരുമാനിച്ചു എന്നേ ഇവിടെ കരുതേണ്ടതുള്ളൂ.
ക്രൈസ്തവ വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ജീവിതശൈലി തെരഞ്ഞെടുത്തവരെങ്കിലും, കത്തോലിക്കാ സഭയിലെ സന്യാസിനികളിൽ ബഹുഭൂരിപക്ഷവും തങ്ങളുടെ ജീവിതം മുഴുവൻ സമൂഹത്തിന്റെ നന്മയ്ക്കായി മാറ്റിവച്ചവരാണ്. കേരളത്തിന്റെ ആരോഗ്യ - ആതുരസേവന, വിദ്യാഭ്യാസ മേഖലകളിൽ കത്തോലിക്കാ സന്യസ്തരുടെ സേവനം അതീവ നിർണായകമാണ്. വാർധക്യത്തിൽ അവർക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നത് അവർ അംഗമായിരിക്കുന്ന സഭയുടെ ഉത്തരവാദിത്വമാണെങ്കിലും ഒരു പൗര എന്ന നിലയിൽ സർക്കാർ നൽകുന്ന ആനുകൂല്യം അവരുടെ അവകാശമാണ്. ഇതിനെ മതാധ്യാപനത്തിന് പ്രതിഫലം ലഭിക്കുന്നതുമായി താരതമ്യം ചെയ്യാനാകില്ല, മറിച്ച് പൗര എന്ന നിലയിൽ തുല്യതയ്ക്കുള്ള അവകാശം സ്ഥാപിച്ചുകിട്ടുകയാണ്.
സഭയുടെ നിലപാടിലെ ധാർമികത
മതാധ്യാപകർക്കു ക്ഷേമനിധി വേണ്ടെന്നു വയ്ക്കുന്നതിലൂടെ സഭ ഒരു വലിയ സന്ദേശമാണ് നൽകുന്നത്. വിശ്വാസം പണം കൊടുത്ത് പഠിപ്പിക്കേണ്ട ഒന്നല്ലെന്നും അത് സ്നേഹത്തിലും ആത്മീയതയിലും അധിഷ്ഠിതമായ ഒരു ശുശ്രൂഷയാണെന്നും സഭ ലോകത്തോട് പറയുന്നു. ഇത് ഇതര മതവിഭാഗങ്ങൾക്കും ഒരു മാതൃകയാണ്. സർക്കാർ ഖജനാവിൽനിന്ന് മതവിശ്വാസ പരിശീലന കാര്യങ്ങൾക്കായി പണം കൈപ്പറ്റുന്നത് ജനാധിപത്യ സംവിധാനത്തിന്റെ ദുരുപയോഗമാണ്. മാത്രവുമല്ല, സഭയുടെ സ്വയംഭരണാധികാരത്തെ ബാധിക്കുന്ന ഇത്തരം നീക്കങ്ങളെ ദൂരക്കാഴ്ചയോടെയാണ് സഭ പ്രതിരോധിക്കുന്നത്.